- January 23, 2026
അക്കാദമിക-ഗവേഷണ മേഖലയിൽ സഹകരിച്ചു പ്രവർത്തിക്കാൻ ധാരണയായി
തൃശ്ശൂരിലെ പ്രമുഖ ആർട്സ് ആൻഡ് സയൻസ് കോളേജ് ആയ വിമല (ഓട്ടോണമസ്) കോളേജും അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും തമ്മിൽ ധാരണാപത്രം (MoU) ഒപ്പുവെച്ചു. അമല ഡയറക്ടർ ഫാ ജൂലിയസ് അറക്കലും വിമല കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബീന ജോസും തമ്മിൽ ധാരണപത്രം കൈമാറി. അക്കാദമിക-ഗവേഷണ രംഗത്ത് സംയോജിത പ്രവർത്തനങ്ങൾ, ആരോഗ്യ അവബോധം, സാമൂഹ്യസേവനം, ആരോഗ്യ പരിശീലനം എന്നിവയിൽ പരസ്പര സഹകരണം ഉറപ്പാക്കുന്നതിനും , വിദ്യാർത്ഥികൾക്ക് അമല ആശുപത്രിയിലൂടെ ഇന്റേൺഷിപ്പ്, ഫീൽഡ് വിസിറ്റ്, ബോധവത്കരണ ക്യാമ്പുകൾ തുടങ്ങിയ അവസരങ്ങൾ ലഭ്യമാകുന്നതിനും ഈ ധാരണാപത്രം സഹായകരമാകും. നിലവാരമേറിയ ആരോഗ്യസംരക്ഷണവും മെഡിക്കൽ വിദ്യാഭ്യാസവും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സഹകരണം വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിചയവും സാമൂഹിക പ്രതിബദ്ധതയും വളർത്താൻ സഹായകമാകും. അക്കാദമിക മേഖലയെയും ആരോഗ്യരംഗത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നതിൽ ധാരണാപത്രം ഒരു പ്രധാന ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത് എന്ന് അമലയിലെ സീനിയർ സയന്റീസ്റ്റായ ഡോ. കയീൻ വടക്കനും, വിമല കോളേജ് ഡയറക്ടർ ഓഫ് റിസർച്ച് ഡോ. വീണ ഗോപാലനും അഭിപ്രായപ്പെട്ടു . വിമല കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ സിസ്റ്റർ ആനി ഡേവിസ് , ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസ്സർ ഡോ സിസ്റ്റർ സിൽവി മാത്യു , അമല മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽമാരായ ഡോ. ദീപ്തി രാമകൃഷ്ണൻ, ഡോ. ലോല ദാസ്, അമല കാൻസർ റിസർച്ച് സെന്റർ ചീഫ് റിസർച്ച് അഡ്മിനിസ്ട്രേറ്റർ ഡോ. ജോബി തോമസ് കെ, അമല ഇന്റഗ്രേറ്റഡ് മെഡിക്കൽ റിസർച്ച് ലാബ് ഡയറക്ടർ ഡോ അജിത് ടി എ , ജനറൽ മാനേജർ അഡ്വ പിൽജോ വർഗീസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.